ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ട് രംഗത്തെ അതുല്യപ്രതിഭകളായ വി. എം. കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് ‘സർഗ്ഗവീഥിയിലെ നിത്യ നക്ഷത്രങ്ങൾ’ എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഹസൻ കൊണ്ടോട്ടിയുടെ വസതിയിൽ നടന്ന പരിപാടിയിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മാപ്പിളപ്പാട്ടിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ വി. എം. കുട്ടിയുടെയും കോഴിക്കോട് അബൂബക്കറിന്റെയും കലാജീവിതവും സർഗാത്മക സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു.
കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്റർ പ്രസിഡന്റ് അരുവി മോങ്ങം അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
അബ്ദുള്ള മുക്കണ്ണി, സീതീ കൊളക്കാടൻ, വി. പി. മുസ്തഫ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇല്ല്യാസ് കല്ലിങ്ങൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സാബിൽ മമ്പാട്, കെ. കെ. മുഹമ്മദ് കൊണ്ടോട്ടി, അഷ്റഫ് മുല്ലപ്പള്ളി, അബ്ദുറഹ്മാൻ മാവൂർ, റഹ്മത്ത് അലി തുറക്കൽ, മൂസ പട്ടത്ത്, റഫീഖ് കൂളത്ത്, ബഷീർ പരുത്തിക്കുന്നൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അനശ്വര ഗാനങ്ങളുമായി ‘ഓർമ്മച്ചെപ്പ്’
വി. എം. കുട്ടി, കോഴിക്കോട് അബൂബക്കർ, എം. എസ്. ബാബുരാജ് തുടങ്ങിയ പ്രതിഭകളോടൊപ്പം പ്രവർത്തിച്ച കാലത്തെ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ട് അക്കാദമി എക്സിക്യൂട്ടീവ് അംഗം ജമാൽ പാഷ സംഗീത പരിപാടിക്ക് തുടക്കം കുറിച്ചു.
നിസാർ മടവൂർ അവതാരകനായ ‘ഓർമ്മച്ചെപ്പ്’ ഗാനമാലിക ജമാൽ പാഷയുടെ നേതൃത്വത്തിൽ അരങ്ങേറി. പ്രശസ്ത ഗായകരായ കരീം മാവൂർ, നൂഹ് ബീമാപള്ളി, മൻസൂർ ഫറോക്ക്, കമാൽ വണ്ടൂർ, സോഫിയ സുനിൽ, ബീഗം ഖദീജ, റഹീം കാക്കൂർ, അബ്ദുള്ള ഹിറ്റാച്ചി, ബഷീർ കരിമ്പിലാക്കൽ, കോയമോൻ, ഫൈസൽ പി. സി, ഹസൻ കൊണ്ടോട്ടി, റഹീം കൊടുവള്ളി, മുഷ്താഖ് എന്നിവർ പാട്ടുകൾ ആലപിച്ചു. മാപ്പിളപ്പാട്ടിന്റെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് സദസ്സിന് ഗൃഹാതുരമായ അനുഭവമായി.
തുടർന്ന് മാപ്പിളപ്പാട്ടിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മഹാപ്രതിഭകളുടെ കലാപാരമ്പര്യവും സംഭാവനകളും പ്രമേയമാക്കി നിസാർ മടവൂർ തയ്യാറാക്കിയ “സർഗ്ഗവീഥിയിലെ നിത്യ നക്ഷത്രങ്ങൾ” എന്ന ദൃശ്യാവിഷ്ക്കാരം പ്രദർശിപ്പിച്ചു. ഹൃദ്യമായ സംഗീതസ്മരണകൾ പങ്കുവെച്ചാണ് അനുസ്മരണ സംഗമം സമാപിച്ചത്.



