ഷാർജ- ഷാർജയിലും ദുബായിലും കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഇന്ധന ഗന്ധത്തിൽ ആശങ്ക വേണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
തിങ്കളാഴ്ച വൈകുന്നേരമാണ് ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്ധന ഗന്ധം അനുഭവപ്പെടുന്നതായി ആളുകൾ പറഞ്ഞത്. മണ്ണെണ്ണയുടെ മണമായും ഡീസിലിന്റെ മണമായുമൊക്കെയാണ് ചിലർക്ക് അനുഭവപ്പെട്ടത്. ദുബായിൽ ദേര, ജദ്ദാഫ്, അൽ ഖിസൈസ്, മംസാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ഗന്ധം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെയാണ് പലരും പങ്കുവെച്ചത്.
ഷാർജയിൽ മംസാർ, അൽ ഖാസ്മിയ, റഹ്മാനിയ, ഹംരിയ എന്നിവിടങ്ങളിലെ താമസക്കാരും ഇത്തരം അനുഭവം പങ്കുവെച്ചു. അജ്മാനിൽ നുഐമിയ, കോർണിഷ്, അൽ റാശിദിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ധന ഗന്ധം അനുഭവപ്പെട്ടു എന്നതായിരുന്നു പ്രചാരണം. ഇത്തരം വാർത്തകൾ പുറത്തുവന്നതോടെയാണ് ഷാർജ അധികൃതർ ഇതിനോട് പ്രതികരിച്ചത്.
സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ അമീർ അറിയിച്ചു.
ഷാർജ ടിവിയിലും റേഡിയോയിലും സംപ്രേഷണം ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ സംസാരിക്കവെ, റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കാനും എന്തെങ്കിലും അപകടസാധ്യതകളുണ്ടോ എന്ന് നിർണ്ണയിക്കാനുമായി ബന്ധപ്പെട്ട അധികൃതർ പരിശോധനകളും വിലയിരുത്തലുകളും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.







