വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾ വിഫലമാക്കിയതായി യു.എസ്.എസ് ജോർജ് വാഷിംഗ്ടൺ വിമാനവാഹിനി കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ നിക്കോളാസ് ഡെലിയോ അറിയിച്ചു. നാവികസേനാ ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലാണ് ഇറാൻ്റെ നീക്കങ്ങൾ പരാജയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മിസൈൽ, ഡ്രോൺ ഭീഷണികളെ ചെറുക്കാൻ കപ്പലിലെ ജീവനക്കാർ നിരന്തരം സജ്ജരാണെന്നും, സൈനിക കപ്പലുകളുടെ സംരക്ഷണത്തിനായി പ്രതിരോധ-ആക്രമണ നടപടികൾ ഒരുപോലെ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന നിമിറ്റ്സ് ക്ലാസിൽപ്പെട്ട ഈ വിമാനവാഹിനി കപ്പൽ, ഇറാനെതിരെയുള്ള യു.എസ് സമുദ്ര ഉപരോധത്തിന് പിന്തുണ നൽകുന്നതിനൊപ്പം വാണിജ്യ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കുകയും ചെയ്യുന്നു. മേഖലയിലെ സൈനിക, വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഭീഷണിയുയരുന്ന സാഹചര്യത്തിൽ, നിരന്തരമായ ജാഗ്രത തുടരുമെന്നും അധികൃതർ വ്യക്തമാക്കി.







