തെഹ്റാൻ– ഭാവിയിൽ യു.എസിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആണവായുധങ്ങൾ നിർമ്മിക്കണമെന്ന ആവശ്യം ഇറാൻ ഭരണകൂടത്തിനുള്ളിൽ ശക്തമാകുന്നു. യുറേനിയം സമ്പുഷ്ടീകരണ പരിപാടിയെ ആയുധവൽക്കരിക്കണമെന്നും ആണവ നിർവ്യാപന കരാറിൽ നിന്ന് രാജ്യം പിന്മാറണമെന്നുമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പരസ്യമായി ആവശ്യപ്പെടുന്നതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ വിദേശ ഭീഷണികൾ തടയാൻ നയതന്ത്ര ചർച്ചകൾ മാത്രം മതിയാവില്ലെന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ പരമോന്നത നേതാവിന് ആണവായുധ നിർമ്മാണത്തിന് അനുമതി നൽകി പുതിയ ഉത്തരവിറക്കാൻ സാധിക്കുമെന്നും, ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വക്താവ് ഹസ്സൻ ഗഷ്ഗവി വ്യക്തമാക്കി. ആണവായുധ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുൻപത്തേക്കാൾ വൻതോതിൽ വർധിച്ചതായി ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, നിയമലംഘനം നടത്തിയെന്നാരോപിച്ച് 122 വിദേശ കപ്പലുകളെ ഇറാൻ പുതിയ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 40-ലേറെ കപ്പലുകൾക്കെതിരെ ഇതിനകം നടപടിയെടുത്തിട്ടുണ്ട്. പട്ടികയിൽ നിന്ന് ഒഴിവാക്കാനായി 19 കപ്പലുകൾ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണെന്നും, കൃത്യമായ ചട്ടങ്ങൾ പാലിക്കുന്ന കപ്പലുകളെ സഹായിക്കുമെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.







