റിയാദ്– യെമനിലെ ഹൂത്തി വിമതർ തുടർച്ചയായി സൗദിയിൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ നടത്താനിരുന്ന പ്രധാന നിക്ഷേപ സമ്മേളനം മാറ്റിവെച്ചു. ‘മരുഭൂമിയിലെ ദാവോസ്’ എന്നറിയപ്പെടുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ) വാർഷിക സമ്മേളനമാണ് 2027 ലേക്ക് മാറ്റിയതായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്.
ഒക്ടോബർ 26 മുതൽ 29 വരെ റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം വാർഷിക സമ്മേളനമാണ് സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റിയത്. ‘ദി പവർ ഓഫ് ലെഗസി’ എന്ന പ്രമേയത്തിലുള്ള സമ്മേളനം കൂടുതൽ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിച്ചു.
നിലവിലുള്ള രജിസ്ട്രേഷനുകളും പങ്കാളിത്തങ്ങളും തുടർന്നും സാധുവായിരിക്കുമെന്നും, പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. വിദേശ നേതാക്കളെയും പ്രമുഖ വ്യവസായികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രധാന വാർഷിക സംരംഭമാണിത്.







