കുവൈത്ത് സിറ്റി- ശുവൈഖ് ഏരിയയിലെ മണി എക്സ്ചേഞ്ച് ശാഖയിൽ ജീവനക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ ഫിലിപ്പിനോ പൗരന് ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. വിവിധ രാജ്യങ്ങളിലെ കറൻസികളിലായി 7,434 കുവൈത്തി ദീനാറാണ് പ്രതി സ്ഥാപനത്തിൽ നിന്ന് കവർന്നത്. കുവൈത്തി ദീനാർ, ഈജിപ്ഷ്യൻ പൗണ്ട്, ഫിലിപ്പൈൻ പെസോ, തുർക്കിഷ് ലീറ, യു.എസ് ഡോളർ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
സ്ഥാപനത്തിൽ ആളില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി, ജീവനക്കാരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് മോഷണം നടത്തിയത്. തിരിച്ചറിയപ്പെടാതിരിക്കാൻ തൊപ്പിയും മാസ്കും ധരിച്ചാണ് ഇയാൾ എത്തിയത്. ഭയപ്പെടുത്താനായി കളിത്തോക്കും പെട്രോൾ അടങ്ങിയ കുപ്പിയും ഇയാളുടെ കൈവശമുണ്ടായിരുന്നു. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും എക്സ്ചേഞ്ചിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു.


സംഭവത്തെ തുടർന്ന് ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളും സാങ്കേതിക അന്വേഷണ രീതികളും ഉപയോഗിച്ച് റെക്കോർഡ് സമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച തുകയും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.







