വാഷിംഗ്ടൺ- റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ സൈനിക നീക്കത്തിൽ പങ്കുചേരാൻ അമേരിക്കയും. ഇക്കാര്യം യു.എസ് ഭരണകൂടം പരിഗണിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹൂത്തികൾ ഇറാന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും ട്രംപ് ആരോപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ട്, ‘തെരഞ്ഞെടുപ്പിനുശേഷം ഞാൻ അവിടെയെത്തും, ഞാനത് ഒരിക്കലും മറക്കില്ല!’ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, യെമൻ വിഷയത്തിൽ അമേരിക്ക നേരിട്ട് ഇടപെടുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂത്തികൾ തിരിച്ചടിച്ചു. യു.എസ് ഇടപെട്ടാൽ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഹൂത്തികളുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ മുഹമ്മദ് അൽ ബുഖൈതി എ.എഫ്.പിയോട് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







