റിയാദ്– റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായി അതോറിറ്റി സ്ഥിരീകരിച്ചു.
പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങളും എണ്ണവും ശേഖരിച്ചുവരികയാണ്. ആക്രമണത്തെത്തുടർന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിച്ച് നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കുന്നതിനും വിമാനത്താവളത്തിലെ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനുമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സുരക്ഷാ പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയായ ശേഷം മാത്രമേ വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയുള്ളൂവെന്ന് സിവില്‍ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.







