ന്യൂദൽഹി: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5:20-ന് മരണം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് പൂനെയിലായിരുന്ന മകൻ മൽഹാർ പടേക്കർ ഗോവയിലേക്ക് തിരിച്ചു.
1951 ജനുവരി 1-ന് മഹാരാഷ്ട്രയിലാണ് നാനാ പടേക്കർ ജനിച്ചത്. തീവ്രമായ അഭിനയ ശൈലി, ശക്തമായ സംഭാഷണ രീതി, വ്യത്യസ്തവും സങ്കീർണ്ണവുമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവയിലൂടെ നാനാപടേക്കർ ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം നേടിയെടുത്തു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ‘നടസമ്രാട്ട്’, ‘വജൂദ്’, ‘പരിന്ദ’, ‘അബ് തക് ഛപ്പൻ’, ‘യശ്വന്ത്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി.
1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2000-കളുടെ തുടക്കത്തിൽ ‘ശക്തി: ദി പവർ’ (2002), ‘അബ് തക് ഛപ്പൻ’ (2004), ‘അപഹരൺ’ (2005), ‘ടാക്സി നമ്പർ 9211’ (2006) എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി. കോമഡി ചിത്രമായ ‘വെൽക്കം’ (2007), അതിന്റെ രണ്ടാം ഭാഗമായ ‘വെൽക്കം ബാക്ക്’ (2015) എന്നിവയിലെ ‘ഉദയ് ഷെട്ടി’ എന്ന ഗുണ്ടാ കഥാപാത്രവും ഏറെ ജനപ്രീതി നേടി. കോമഡി ത്രില്ലറായ ‘ഹൗസ്ഫുൾ 5’-ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘രാജ്നീതി’ (2010) എന്ന പൊളിറ്റിക്കൽ ത്രില്ലറിലെ സഹനടനുള്ള പ്രകടനത്തിന് ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശവും ലഭിച്ചിരുന്നു.







