വാഷിംഗ്ടൺ- ഇറാനെതിരായ യുദ്ധത്തിൽ 81 യു.എസ് സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സി.ആർ.എസ്) ഏറ്റവും പുതിയ റിപ്പോർട്ട്. യു.എസ് സൈന്യത്തിനുണ്ടായ അഭൂതപൂർവമായ നഷ്ടമാണിതെന്ന് പ്രതിരോധ നിരീക്ഷകർ വിലയിരുത്തുന്നു.
ഫെബ്രുവരി 28 മുതൽ ഇറാനെതിരായ സൈനിക നടപടികളിൽ നഷ്ടപ്പെടുകയോ തകരുകയോ ചെയ്ത ഡ്രോണുകൾ ഉൾപ്പെടെയുള്ള 81 എണ്ണത്തിന്റെ പട്ടികയാണ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഇവയിൽ 47 എണ്ണം ഡ്രോണുകളും 21 എണ്ണം യുദ്ധവിമാനങ്ങളും 13 എണ്ണം ഹെലികോപ്റ്ററുകളുമാണ്. 54 വിമാനങ്ങൾ പൂർണ്ണമായും നശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച 27 എണ്ണം അറ്റകുറ്റപ്പണികൾക്കായി സർവീസിൽ നിന്ന് നീക്കം ചെയ്തു.
ഏറ്റുമുട്ടലുകൾ തുടരുന്നതിനാലും സൈനിക രഹസ്യസ്വഭാവം നിലനിൽക്കുന്നതിനാലും ഈ കണക്കുകൾ പ്രാഥമികമാണെന്നും മാറ്റങ്ങൾക്ക് വിധേയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനുമുമ്പ് പുറത്തിറക്കിയ പ്രാഥമിക വിലയിരുത്തലിൽ 42 വിമാനങ്ങൾ നഷ്ടപ്പെട്ടതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം യു.എസ് വ്യോമസേനയുടെ നഷ്ടം ഇരട്ടിയായി വർദ്ധിച്ചതായി വ്യക്തമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







