റിയാദ്- യെമൻ തലസ്ഥാനമായ സൻആയിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്ഫോമും സഅ്ദയിലെ പർവതമേഖലയിലുള്ള മിസൈൽ ഡിപ്പോയും അറബ് സഖ്യസേന തകർത്തു. സഅ്ദയിലെ ഡിപ്പോയിൽ 20 ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിച്ചിരുന്നതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സൻആയിലെ ആശയവിനിമയ ശൃംഖലകളും സൈനിക ക്യാമ്പുകളും ഉൾപ്പെടെ നിരവധി ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്.
ഹൂത്തി കേന്ദ്രങ്ങളില്‍ ശക്തമായ ബോംബാക്രമണം നടത്തി ഇസ്രായില്‍; ഗാലക്സി ലീഡര്‍ കപ്പല്‍ മുങ്ങി
തെക്കൻ ചെങ്കടലിലെയും ബാബൽമന്ദബ് കടലിടുക്കിലെയും നാവിഗേഷൻ സുരക്ഷ തകർക്കാൻ ഹൂത്തികൾ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതികൾ സഖ്യസേന പരാജയപ്പെടുത്തി. ഹുദൈദയിൽ നടത്തിയ ആക്രമണത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകളും സമുദ്ര മൈനുകളും സൂക്ഷിച്ച വെയർഹൗസുകൾ നശിപ്പിച്ചു.
അതേസമയം, പോപ്പുലർ റെസിസ്റ്റൻസിന്റെയും പ്രാദേശിക ഗോത്ര പോരാളികളുടെയും പിന്തുണയോടെ യെമൻ സർക്കാർ സേന പടിഞ്ഞാറൻ തീരദേശ നഗരമായ മോഖയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിച്ചു. മാരിബിലെ മദ്ഗൽ ജില്ല ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലേക്ക് സൈന്യം മുന്നേറുകയാണ്. തഇസ്, മാരിബ്, അൽജൗഫ് മുന്നണികളിൽ ‘ഓപ്പറേഷൻ ഡോൺ’ തകൃതിയായി തുടരുന്നു.
സൗദിയിലെ സിവിലിയൻ മേഖലകളെയും വിശുദ്ധ നഗരങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി ഭീകരർ നടത്തുന്ന നിരന്തര ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സമാധാന ശ്രമങ്ങളെ നിരസിച്ച് വൈദേശിക അജണ്ടകൾക്കായി യെമൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഹൂത്തികളെന്ന് വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സൗദി അറേബ്യ, ഹൂത്തി ഭീഷണിക്കെതിരെ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.







