മസ്‌കത്ത്- റാസ് അൽഹദ്ദ് ടർട്ടിൽ റിസർവിൽ മുട്ടയിടുന്ന കടലാമകളെ ശല്യപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഉക്രേനിയൻ വിനോദസഞ്ചാരികൾക്ക് ഒമാൻ കോടതി ശിക്ഷ വിധിച്ചു. വാദിം, ഒലേന എന്നിവരെയാണ് സൗത്ത് അൽഷർഖിയയിലെ സൂർ കോടതിയുടെ ക്രിമിനൽ ബെഞ്ച് കുറ്റക്കാരായി കണ്ടെത്തിയത്. രണ്ട് പ്രതികൾക്കും 100 ഒമാനി റിയാൽ പിഴയും ഒരു മാസത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
സംരക്ഷിത മേഖലയിൽ അതിക്രമം കാട്ടിയ ഇരുവരും വലിയ കടലാമകളുടെ പുറത്ത് കയറുകയും ചെറിയ ആമകളെ കൈകാര്യം ചെയ്യുകയും കടൽത്തീരത്തുകൂടി നീങ്ങുന്ന ആമകളെ തൊടുകയും ശല്യപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ പ്രവൃത്തികൾ വീഡിയോയിൽ പകർത്തി വാദിമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇവർ പോസ്റ്റ് ചെയ്തത്. കടലാമയുടെ പുറംതോടിന് മുകളിൽ ഇരിക്കുന്നതും കുഞ്ഞുങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഇവർ ഈ വീഡിയോ നീക്കം ചെയ്യുകയുണ്ടായി.
റാസ് അൽഹദ്ദിൽ കടലാമകളെ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 28നാണ് ഒമാൻ എൻവയോൺമെന്റ് അതോറിറ്റി നിയമനടപടികൾ ആരംഭിച്ചത്. മുട്ടയിടുന്ന സ്ഥലങ്ങളിൽ ആമകളെ തൊടുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് അതോറിറ്റി സന്ദർശകരോട് കർശനമായി അഭ്യർഥിച്ചു. വന്യജീവികളെയും പ്രകൃതി സംരക്ഷണ മേഖലകളെയും സംരക്ഷിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







