ദുബായ്- മെഹ്ഫിൽ ഇന്റർനാഷണൽ, ദുബായ് സംഘടിപ്പിച്ച അഞ്ചാമത് മ്യൂസിക് ആൽബം ഫെസ്റ്റിവലിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘വാഴാലി’ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു.
‘ബട്ടർഫ്ലൈസ്’ എന്ന ആൽബത്തിലൂടെ രെജു ആന്റണി മികച്ച സംവിധായകനായി. ‘നീ വന്നതിൽ പിന്നെയാണ്’ എന്ന ഗാനത്തിലൂടെ എടപ്പാൾ വിശ്വനാഥ് മികച്ച ഗായകനായും ‘നിഴൽ മായുമ്പോൾ’ എന്ന ഗാനത്തിലൂടെ പ്രിയ ശ്രീ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.
‘ഉള്ളോളം’ എന്ന ഗാനത്തിന് സുരേഷ് രാമന്തളി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ‘നീ വന്നതിൽ പിന്നെയാണ്’ എന്ന ആൽബത്തിലെ പ്രവർത്തനത്തിന് പ്രതീഷ് പുതുശേരി മികച്ച ക്യാമറാമാനായും ‘ചെണ്ട യക്ഷി പാട്ട്’ എന്ന ആൽബത്തിലൂടെ ശ്രീജിത്ത് മികച്ച എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
‘തിരുവോണപ്പൂവ്’ എന്ന ഗാനത്തിലൂടെ മണി രാജഗോപാൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും നേടി.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിൽ മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരം ‘മഴയെ’ എന്ന ഗാനത്തിന് മിത്രൻ വിശ്വനാഥിന് ലഭിച്ചു.
പ്രവാസി വിഭാഗത്തിൽ ‘ഓണപ്പൂക്കൾ’ എന്ന ഗാനത്തിലൂടെ ആരോഹ് അലക്സ് സ്പെഷ്യൽ ജൂറി ഗായക പുരസ്കാരവും ‘രാക്കിളി പേച്ച് ‘ എന്ന ഗാനത്തിലൂടെ ജാസ്മിൻ അമ്പലത്തിലകത്ത് സ്പെഷ്യൽ ജൂറി മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരവും നേടി.
പുരസ്കാരങ്ങൾ നവംബർ 21ന് നടക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ 5’ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







