ബഗ്ദാദ്- ഉപരോധം നേരിടുന്ന ഇറാൻ വിമാനക്കമ്പനികൾക്ക് ഷിയാ മുസ്ലിംകളുടെ പുണ്യനഗരമായ നജഫിലേക്ക് സർവീസ് നടത്താൻ അമേരിക്ക അനുമതി നൽകി. ഇതിനെ തുടർന്ന്, ഇറാൻ വിമാനക്കമ്പനികൾ ഇറാഖിലെ നജഫിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതായി ‘എ.എഫ്.പി’ റിപ്പോർട്ട് ചെയ്തു. ഇറാഖും ഇറാനും തമ്മിലുള്ള വിമാന സർവീസുകൾ നജഫ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുനരാരംഭിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥനായ ഹുസൈൻ മുഹന്ന സ്ഥിരീകരിച്ചു.
കാസ്പിയൻ എയർലൈൻസാണ് സർവീസുകൾക്ക് തുടക്കമിട്ടുകൊണ്ട് ആദ്യ സർവീസ് നടത്തിയത്. ഇന്നലെ വൈകുന്നേരം 5:15ന് വിമാനം നജഫ് എയർപോർട്ടിൽ ലാൻഡ് ചെയ്തു.
ഷിയാ വിശ്വാസികളുടെ ഏറ്റവും ആദരണീയമായ തീർഥാടന കേന്ദ്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നജഫിലേക്ക് ദിവസവും 40 വിമാന സർവീസുകൾ നടത്താൻ മഹാൻ എയർ ഒഴികെയുള്ള ഇറാൻ വിമാനക്കമ്പനികളെ അനുവദിക്കാനുള്ള കരാർ അമേരിക്കയുമായി ഉണ്ടാക്കിയതായി ഇറാഖ് സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







