ബുറൈദ- സൗദി അറേബ്യയിലെ ബുറൈദയിൽ മരിച്ച കൊല്ലം കാറ്റാടി സ്വദേശി സാവിൻ സാബുവിന്റെ (29) മൃതദേഹം കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു.
സെപ്റ്റംബർ 18ന് ബുറൈദയിലെ താമസസ്ഥലത്താണ് സാവിൻ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കാറ്റാടി സാബു വില്ലയിൽ സാബു ചാക്കോ- ലീലാമ്മ ദമ്പതികളുടെ മകനാണ്. മൂന്ന് മാസം മുമ്പാണ് ആശ്രിത വിസയിൽ സാവിൻ സാബു ബുറൈദയിലെത്തിയത്.
ഒൻപത് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ സിമി എം.സി.എച്ചിൽ സ്റ്റാഫ് നഴ്‌സാണ്. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സാവിൻ സാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ.
റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി കാറ്റാടിയിലെ വീട്ടിലെത്തിക്കുകയും തുടർന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്‌കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കനിവ് ജീവകാരുണ്യ കൂട്ടായ്മ അംഗം സലാം പാറട്ടി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







