ന്യൂഡൽഹി- സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില കൂടിയതിനെത്തുടർന്ന് ചില്ലറ വിൽപ്പന വിലയും ഉൽപ്പാദനച്ചെലവും കൂടിയതാണ് വില വർധിപ്പിക്കാൻ കാരണം. രാജ്യത്തുടനീളമുള്ള നയാരയുടെ 7,108 റീട്ടെയിൽ പമ്പുകളിൽ ഈ വില വർധന ബാധകമാണ്.
അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയുടെ ഇന്ധന വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ എണ്ണ വിപണിയെയ സങ്കീർണ്ണമായ രീതിയിലാണ് ബാധിക്കുന്നത്. ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതിനാൽ, പശ്ചിമേഷ്യയിലെ ഏത് ചലനവും ആഭ്യന്തര വിപണിയിൽ പെട്ടെന്ന് പ്രതിഫലിക്കും.
പ്രതിസന്ധി രൂക്ഷമാണെങ്കിലും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ൽ നിന്ന് 41 ആയി ഉയർത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇറാഖ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിതരണവും പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലേക്ക് എണ്ണ പ്രവാഹം തടസ്സമില്ലാതെ തുടരാൻ സഹായിച്ചു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







