അബുദാബി- ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാൻ യു.എ.ഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷാംസി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പബ്ലിക് പ്രോസിക്യൂഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എഫ്.ഇസെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രാമധ്യേ കോക്ക്പിറ്റിൽ സംഘർഷമുണ്ടായതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കുകയായിരുന്നു. ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായും ഏകോപിപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധങ്ങളോ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയോ ഉണ്ടോയെന്ന് സംഘം വിശദമായി പരിശോധിക്കും.
രാജ്യത്തിന് പുറത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും, യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ കേസിൽ നിയമനടപടികൾ സ്വീകരിക്കാൻ യു.എ.ഇ ജുഡീഷ്യറിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതുവരെ തെറ്റായ പ്രചാരണങ്ങളും ഊഹാപോഹങ്ങളും നടത്തരുതെന്ന് അറ്റോർണി ജനറൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







