തെഹ്‌റാൻ: മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ കൂടുതൽ അത്യാധുനിക ആയുധങ്ങൾ പുറത്തിറക്കുമെന്നും സൈനിക ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് (IRGC) വക്താവ് ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കി. എതിരാളികളുടെ ഓരോ നീക്കങ്ങളും ഇറാൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതുതരം സംഘർഷങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും യെമനിലെ ഹൂത്തി അനുകൂല മാധ്യമ ശൃംഖലയായ ‘അൽ മസീറ’യോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലുള്ള ഇടവേളകൾ സൈനികശേഷി വിപുലീകരിക്കാനും പരിഷ്കരിക്കാനുമാണ് ഇറാൻ ഉപയോഗിക്കുന്നത് എന്നാണ് മൊഹെബ്ബിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻകരുതൽ ആക്രമണത്തിന് മടിക്കില്ല
ശത്രുക്കളുടെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങളുണ്ടാകുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചാൽ കാത്തുനിൽക്കാതെ മുൻകൂട്ടി ആക്രമണം നടത്തുമെന്ന് ഇറാന്റെ മറ്റൊരു സൈനിക വക്താവായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്‌റമി-നിയ അറിയിച്ചു. ഭീഷണി യാഥാർഥ്യമാകുന്നതിന് മുൻപ് തന്നെ അത് ഇല്ലാതാക്കും. ഇറാന്റെ സൈനിക നയം കൂടുതൽ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതിലേക്കും മുൻകരുതൽ നടപടികളിലേക്കും മാറിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതിയ ഏത് ആക്രമണത്തോടും ഇറാൻ കൂടുതൽ വേഗത്തിലും ശക്തമായും പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത നയമാറ്റം. ഒരു ആക്രമണം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ, ഭീഷണിയുയർത്തുന്ന ശത്രുക്കൾക്കെതിരെ ആദ്യം തന്നെ തിരിച്ചടിക്കാൻ സജ്ജമാണെന്നാണ് ഇറാൻ ഇപ്പോൾ പരസ്യമായി വ്യക്തമാക്കുന്നത്.







