തെൽഅവീവ്- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ അപ്രഖ്യാപിത സന്ദർശനം നടത്തിയതായും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേലിലെ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു.
രാവിലെ സ്വകാര്യ വിമാനത്തിൽ ഇസ്രായേലിൽ നിന്ന് പുറപ്പെട്ട നെതന്യാഹു യു.എ.ഇയിൽ ഒരു ദിവസം ചെലവഴിച്ച് വൈകുന്നേരത്തോടെ തിരികെ മടങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രഹസ്യ സന്ദർശനവും ചർച്ചകളും
സന്ദർശനത്തിനിടെ നെതന്യാഹുവും ശൈഖ് മുഹമ്മദ് ബിൻ സായിദും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി രണ്ട് സ്രോതസുകൾ ചാനലിനോട് സ്ഥിരീകരിച്ചു. എന്നാൽ, സന്ദർശനത്തെക്കുറിച്ചോ ചർച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിശദാംശങ്ങൾ നൽകാൻ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. നെതന്യാഹുവും സംഘവും ഏതാനും സ്വകാര്യ വിമാനങ്ങളിലാണ് സഞ്ചരിച്ചതെന്നും, ഈ രഹസ്യ സന്ദർശനം പ്രധാനമായും ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾക്കായിരുന്നുവെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.
ഇറാൻ വിമാന കമ്പനികൾ യു.എ.ഇ സർവീസുകൾ നിർത്തിവെച്ചു
പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലം
ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെയും, യു.എൻ പൊതുസഭയിൽ പങ്കെടുത്ത് ന്യൂയോർക്കിൽ നിന്ന് മടങ്ങി രണ്ടു ദിവസത്തിനു ശേഷവുമാണ് ഈ രഹസ്യ സന്ദർശനം നടന്നിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ യാത്ര എന്നത് ഏറെ ശ്രദ്ധേയമാണ്. 2020ൽ ചരിത്രപരമായ ‘അബ്രഹാം ഉടമ്പടിയിൽ’ ഒപ്പുവെച്ചതുമുതൽ യു.എഇയും ഇസ്രായേലും ഔദ്യോഗിക നയതന്ത്ര ബന്ധം തുടർന്നുപോരുന്നുണ്ട്.







