ഇസ്ലാമാബാദ്- വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ പോലീസ് ചെക്ക് പോയിന്റിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ദരസീന്ദയിലുള്ള പോലീസ് ചെക്ക്പോസ്റ്റിലാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട് പോലീസ് ചീഫ് സഫ്ദർ ബലോച്ച് പറഞ്ഞു.
സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ട്രാക്ടർ ട്രോളി പോലീസ് ചെക്ക്പോസ്റ്റിലേക്ക് ചാവേർ ഇടിച്ചുകയറ്റുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ചെക്ക് പോസ്റ്റിന് നേരെ വെടിവെപ്പുമുണ്ടായി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിക്കപ്പെട്ട ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.







