പാരീസ്- യെമനിലെ ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന്, എണ്ണ കയറ്റുമതിക്ക് നിർണായകമായ സൗദിയിലെ യാമ്പു തുറമുഖം സംരക്ഷിക്കാൻ സഹായിക്കാനായി ഫ്രാൻസ് സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഈ പ്രദേശം സംരക്ഷിക്കാനായി ഞങ്ങൾ സൈനിക വിഭവങ്ങൾ അതായത് സൈനികർ, റഡാറുകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ അയക്കാൻ പോവുകയാണ്- സായാഹ്ന വാർത്താ പരിപാടിക്കിടെ നൽകിയ അഭിമുഖത്തിൽ മാക്രോൺ പറഞ്ഞു.
അതേസമയം, മക്ക സംയുക്ത പ്രതിരോധ കരാറിൽ പങ്കാളികളായ രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ മൂന്ന് രാജ്യങ്ങളുടെയും ചീഫ് ഓഫ് സ്റ്റാഫുകളുടെ അടിയന്തര യോഗത്തിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദർ, തുർക്കി വിദേശ മന്ത്രി ഹാകാൻ ഫിദാൻ എന്നിവർ ന്യൂയോർക്കിൽ യു.എന്നിലെ സൗദിയുടെ സ്ഥിരം നയതന്ത്ര മിഷൻ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയാണ് സൈനിക മേധാവികളുടെ യോഗത്തെ കുറിച്ച് ചർച്ച നടത്തിയത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മക്ക ഉടമ്പടി പ്രകാരം സൗദി അറേബ്യയെ പിന്തുണക്കാനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുക എന്നതാണ് സംയുക്ത സേനാ മേധാവികളുടെ യോഗത്തിന്റെ ലക്ഷ്യം.
തായിഫിലും യാമ്പുവിലും ഹൂത്തി ആക്രമണശ്രമം: ആറ് മിസൈലുകൾ തകർത്തു
അന്താരാഷ്ട്ര നിയമ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം, നല്ല അയൽപക്കബന്ധം, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, സമുദ്ര ഗതാഗത സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കൽ എന്നിവക്ക് ഊന്നൽ നൽകി മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണാനും നിലവിലുള്ള പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരങ്ങൾക്കായി പ്രവർത്തിക്കാനും മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും കൈവരിക്കാനുമുള്ള പ്രതിബദ്ധത മന്ത്രിമാർ ആവർത്തിച്ച് വ്യക്തമാക്കി. മക്ക കരാരിന്റെ ഭാഗമായ സെക്രട്ടേറിയറ്റ്, കമ്മിറ്റികൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവ സ്ഥാപിക്കുന്നതിൽ കൈവരിച്ച പുരോഗതിയും അവയുടെ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു.
മക്കയെയും സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണങ്ങളെ മന്ത്രിമാർ യോഗത്തിൽ ശക്തമായി അപലപിക്കുകയും സൗദി സായുധ സേനയുടെ ജാഗ്രതയെയും രാജ്യത്തിന്റെ സുരക്ഷയെ പ്രതിരോധിക്കാനുള്ള കഴിവിനെയും പ്രശംസിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച്, രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ ഉചിതമെന്ന് തോന്നുന്ന ഏത് നടപടിയും സ്വീകരിക്കാനുള്ള സൗദി അറേബ്യയുടെ അവകാശത്തിന് വിദേശ മന്ത്രിമാർ പൂർണ്ണ പിന്തുണ നൽകി.







