ന്യൂയോർക്ക്- അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഐ.സി.സി അംഗരാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഇസ്രയിലിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ച നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാണ് കടന്നുപോയത്. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ടെങ്കിലും റോം ചട്ടത്തിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എന്നിവ അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയോൺ’ തങ്ങളുടെ വ്യോമപാതയിലൂടെ കടന്നുപോകാൻ അനുമതി നൽകുകയായിരുന്നു. അന്താരാഷ്ട്ര കോടതി വാറണ്ട് പുറപ്പെടുവിച്ചവ്യക്തി തങ്ങളുടെ രാജ്യത്തിലൂടെ കടന്നുപോയാൽ അവരെ അറസ്റ്റ് ചെയ്യാനും കൈമാറാനുമുള്ള കോടതിയുടെ അഭ്യർത്ഥനയോട് സഹകരിക്കാൻ റോം ചട്ട പ്രകാരം അംഗരാജ്യങ്ങൾ ബാധ്യസ്ഥരാണ്. എന്നാൽ, വാറണ്ടുള്ള വ്യക്തി തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന എന്ന ഒറ്റക്കാരണത്താൽ മാത്രം വിമാനം തടയുകയോ താഴെയിറക്കുകയോ ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് ഉടമ്പടി വ്യക്തമായി ആവശ്യപ്പെടുന്നില്ല.
അതേസമയം, അന്താരാഷ്ട്ര നിയമപ്രകാരം ഒരു വിമാനം തങ്ങളുടെ വ്യോമപാതയിലൂടെ പറന്നുപോകുന്ന ഘട്ടത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യത റോം ചട്ടം മുന്നോട്ടുവെക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
മുമ്പ് പലതവണയും അടിയന്തര ലാൻഡിംഗ് ഉണ്ടായാൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ ഇത്തരം യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കി നെതന്യാഹുവിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.







