ന്യൂയോർക്ക് സിറ്റി: ഇറാനെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ ഭീകരവാദത്തിന്റെ പ്രയോക്താക്കളല്ല, മറിച്ച് അതിന്റെ ഇരയാണെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പെസെഷ്കിയാൻ പ്രസംഗം ആരംഭിച്ച ഉടൻ തന്നെ യു.എസ് പ്രതിനിധി സംഘം ഹാളിൽ നിന്ന് ഇറങ്ങിപ്പോയി.
ഇറാനിലെ പരമോന്നത ആത്മീയ നേതാവിനെ ഒരു ന്യായീകരണവുമില്ലാതെ വധിച്ചതും പ്രൈമറി സ്കൂളിനു നേരെയുണ്ടായ ബോംബാക്രമണവും ചൂണ്ടിക്കാട്ടിയാണ് യു.എസ് ആരോപണങ്ങൾക്ക് ഇറാൻ പ്രസിഡന്റ് മറുപടി നൽകിയത്. പൗരന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളാണ് യഥാർത്ഥ ഭീകരവാദമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കൂട്ട സംസ്കാര ചടങ്ങിന്റെ ചിത്രങ്ങൾ യു.എൻ പൊതുസഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു പെസെഷ്കിയാന്റെ പ്രസംഗം.
നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും ഭീഷണികൾക്ക് വഴങ്ങി ചർച്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ ആണവ സാങ്കേതികവിദ്യ ഇറാൻ ജനതയുടെ അനിഷേധ്യ അവകാശമാണ്. വൈദ്യശാസ്ത്രം, കൃഷി, സുസ്ഥിര ഊർജ്ജം എന്നിവയുടെ വികസനത്തിനാണ് ആണവോർജ്ജം വികസിപ്പിക്കുന്നത്. “ആണവായുധങ്ങൾ വേണ്ട, എന്നാൽ ആണവ പരിജ്ഞാനം നിഷേധിക്കരുത്” എന്നതാണ് ഇറാന്റെ വ്യക്തമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, തങ്ങൾക്ക് നാവിഗേഷൻ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ മറ്റുള്ളവർക്ക് ഈ ജലപാത തടസ്സമില്ലാതെ പ്രയോജനപ്പെടുത്താനാകില്ലെന്നും പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി.







