ദുബായ്- ഇക്കഴിഞ്ഞ മാർച്ചിൽ പശ്ചിമേഷ്യൻ മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പുനഃപരീക്ഷയുടെ രജിസ്ട്രേഷൻ തീയതികളും മാർഗ്ഗനിർദ്ദേശങ്ങളും സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) പുറപ്പെടുവിച്ചു.
യോഗ്യരായ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 22 ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 26 ശനിയാഴ്ച വരെ അപേക്ഷകൾ സമർപ്പിക്കാം. ഇതിനായി സമയം നീട്ടിനൽകില്ലെന്ന് ബോർഡ് വ്യക്തമാക്കി. ഈ പ്രത്യേക പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് യാതൊരുവിധ പരീക്ഷാ ഫീസും ഈടാക്കുന്നതല്ല
റദ്ദാക്കപ്പെട്ട പരീക്ഷകൾക്ക് പകരം നേരത്തെ ബോർഡ് തയ്യാറാക്കിയ ‘സ്പെഷ്യൽ അസസ്മെന്റ് സ്കീം’ വഴി ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എന്നാൽ, മാർച്ച് മാസത്തിലെ പ്രധാന പരീക്ഷകളിൽ ഏതെങ്കിലും കാരണത്താൽ അബ്സെന്റ് ആയിരുന്ന വിദ്യാർത്ഥികൾക്കോ പുതിയ അപേക്ഷകർക്കോ ഇതിൽ പങ്കെടുക്കാൻ യോഗ്യതയില്ല.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ 7 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരിഗണന. അന്ന് പരീക്ഷ നടത്താൻ സാധിക്കാതിരുന്ന 20 അക്കാദമിക് വിഷയങ്ങളും 20 സ്കിൽ അധിഷ്ഠിത വിഷയങ്ങളും ഉൾപ്പെടെ 40 വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളവ തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം.
പ്രധാന പരീക്ഷയ്ക്കായി മുമ്പ് അനുവദിച്ച അതേ പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും ഈ പ്രത്യേക പരീക്ഷയും നടക്കുക. വിശദമായ ടൈംടേബിൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം പ്രഖ്യാപിക്കും.
- അപേക്ഷാ നടപടിക്രമം
- സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ CBSE Official Website സന്ദർശിക്കുക.
- പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്ലാസ് XII വിദ്യാർത്ഥികൾക്കായുള്ള ‘Special Exam’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിദ്യാർത്ഥിയുടെ മുന്പത്തെ റോൾ നമ്പർ, സെന്റർ നമ്പർ, അഡ്മിറ്റ് കാർഡിലുള്ളതുപോലെ അമ്മയുടെ പേര്, പരീക്ഷാ വർഷം (2026) എന്നിവ നൽകുക.
- ഒ.ടി.പി ലഭിക്കുന്നതിനായി സ്വന്തം ഇമെയിൽ വിലാസം നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- പരീക്ഷ എഴുതേണ്ട വിഷയങ്ങൾ കൃത്യമായി തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക.
- തുടർന്ന് ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പറും കൺഫർമേഷൻ പേജും ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കു.







