ഇൻഡോർ: ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെക്കാൾ ‘അന്ധഭക്തരെ’ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഇൻഡോറിൽ നടന്ന ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സമ്പർക്ക പരിപാടിയുടെ അഞ്ചാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിസ്റ്റം വേഴ്സസ് സ്റ്റുഡന്റ്സ്” എന്ന വിഷയത്തിലായിരുന്നു പരിപാടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവരടങ്ങുന്ന ആറുപേരുടെ സംഘമാണ് രാജ്യത്തെ വ്യവസ്ഥിതിയെ പൂർണ്ണമായി കൈപ്പിടിയിലൊതുക്കിയിരിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഈ സംവിധാനത്തിന്റെ തലപ്പത്ത് നരേന്ദ്ര മോദിയാണെങ്കിൽ, വിദ്യാർത്ഥികളെ അടിച്ചമർത്താനും ലത്തിയും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് നേരിടാനും അമിത് ഷായെ ഏൽപ്പിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ നിയന്ത്രിച്ച് വിവരങ്ങൾ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസത്തിനായി നീക്കിവെക്കേണ്ട പൊതുപണം വൻകിട കോർപ്പറേറ്റുകളിലേക്ക് തിരിച്ചുവിടുകയാണ്. 2014-ൽ കോൺഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 4.6 ശതമാനം വിദ്യാഭ്യാസത്തിന് മാറ്റിവെച്ചിരുന്നിടത്ത്, നിലവിലത് 2.6 ശതമാനമായി കുറഞ്ഞു. ഈ ഇനത്തിൽ കുറവു വരുത്തിയ 7.7 ലക്ഷം കോടി രൂപ അദാനിയെയും അംബാനിയെയും പോലുള്ള ശതകോടീശ്വരന്മാരുടെ കൈകളിലേക്കാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഒന്നരക്കോടി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ ഇല്ലാതാക്കി. പൂട്ടിപ്പോയ ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകളിൽ 55 ശതമാനവും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ കായിക ഭരണവും ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ നിലനിൽക്കെത്തന്നെ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷൻ അമിത് ഷായുടെ മകനെ ഏൽപ്പിച്ച കാര്യവും ഉദാഹരണമായി എടുത്തുപറഞ്ഞു.
സെപ്റ്റംബർ 6-ന് ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ് മരിച്ച 18 വയസ്സുകാരൻ അർപിത് ജാജിന്റെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വ്യവസ്ഥിതിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് നിരപരാധികളായ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നതെന്ന് അർപിതിന്റെ സഹോദരി പ്രിയാൻഷി രാഹുലിനോട് പറഞ്ഞു. കുടുംബത്തിന് നീതി ഉറപ്പാക്കാൻ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത രാഹുൽ, രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമവും വിദ്വേഷവും ഇല്ലാതാക്കാൻ അന്ധഭക്തർക്കല്ല, വിദ്യാർത്ഥികൾക്കാണ് സാധിക്കുകയെന്ന് ഓർമ്മിപ്പിച്ചു.
വേദി മാറ്റവും സുരക്ഷാ തർക്കങ്ങളും
വിവിധ വിവാദങ്ങൾക്കൊടുവിലാണ് പരിപാടിക്ക് അനുമതി ലഭിച്ചത്. ആദ്യം നിശ്ചയിച്ചിരുന്ന ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് 10.08 ലക്ഷം രൂപ പാട്ടത്തുക നൽകി ഐ.ഡി.എ മൈതാനത്തേക്ക് വേദി മാറ്റിയെങ്കിലും, അനുവദിച്ച സമയത്തിന് മുന്നേ സ്ഥലം ഉപയോഗിച്ചെന്ന് കാട്ടി അധികൃതർ 4.03 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകൾ പരാമർശിച്ച് ഇൻഡോർ പോലീസ് നൽകിയ സുരക്ഷാ കുറിപ്പും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.







