റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെയും കിഴക്കൻ നഗരമായ അൽ ഖർജിലെയും അപകടമുന്നറിയിപ്പ് സൗദി സിവിൽ ഡിഫൻസ് പിൻവലിച്ചു. ഇന്നലെ രാത്രി സൗദി നഗരങ്ങളായ ജിദ്ദ, യാമ്പു, അബഹ, ഖമീസ് മുശൈത്ത് തുടങ്ങിയ നഗരങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം, അപകട സാധ്യത ഒഴിഞ്ഞ ശേഷം ഇവയും പിൻവലിച്ചിരുന്നു. ഇറാൻ അനുകൂല ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഈ മുന്നറിയിപ്പുകൾ നൽകിയത്.
സൗദി അറേബ്യയ്ക്ക് നേരെ അയൽരാജ്യമായ യെമനിലെ ഹൂതികൾ ആക്രമണം ശക്തമാക്കിയതിന് ശേഷം തലസ്ഥാന നഗരിയിൽ ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത് ഇതാദ്യമായാണ്.
സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ യുഎൻ രക്ഷാസമിതി ശക്തമായി അപലപിച്ചു. സാധാരണക്കാർക്കും ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്കേറ്റതായി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യെമനിലെ ഹൂതി സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനെയും രക്ഷാസമിതി വിമർശിച്ചു.







