കൊച്ചി-മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ രേഖയുണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്ന രണ്ട് യുവാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്കും (ഡി.ജി.പി) സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ഒരു പൊതുചടങ്ങിൽ ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലാണ് പരാതിയിലേക്ക് നയിച്ചത്. മുഖ്യമന്ത്രി നിലവിലുള്ള വിവാഹം നിലനിൽക്കെ 2012 ഒക്ടോബർ 17-ന് കർണാടകയിലെ ബൈന്ദൂർ സബ് റജിസ്ട്രാർ ഓഫിസിൽ വെച്ച് മറ്റൊരു വിവാഹം റജിസ്റ്റർ ചെയ്തതായി കാണിച്ച് രണ്ടു യുവാക്കൾ തന്നെ സമീപിച്ചു എന്ന് ആന്റോ പറഞ്ഞിരുന്നു. വാർത്ത പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് എത്തിയ യുവാക്കൾ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നോട്ടിസിന്റെയും പകർപ്പ് ആന്റോയ്ക്ക് കൈമാറി. എന്നാൽ വാർത്തയുടെ ആധികാരികതയിൽ സംശയം തോന്നി അത് നൽകിയില്ലെന്നാണ് ആന്റോ വ്യക്തമാക്കിയത്. വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് സൂക്ഷിച്ചുവെച്ചുവെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാനും സർക്കാരിനെ അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് പരാതിയിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖയുമായി എത്തിയ മറ്റ് രണ്ടു യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.







