മുംബൈ- യു.എ.ഇ മെയ്ഡ് ആണെന്ന വ്യാജേന ഇന്ത്യയിലെത്തിച്ച 362 മെട്രിക് ടണ്ണിലധികം പാക്കിസ്താൻ ഉണക്ക ഈത്തപ്പഴം റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് പിടികൂടി. ഓപറേഷൻ ഡീപ്പ് മാനിഫെസ്റ്റ് എന്ന സുരക്ഷാ പരിശോധനയിലൂടെ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അംബാദ് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ നിന്ന് 13 കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരുന്ന ഉണക്ക ഈത്തപ്പഴ ശേഖരം പിടികൂടിയത്.
പാക്കിസ്താനിലെ കറാച്ചി തുറമുഖത്ത് നിന്ന് യു.എ.ഇയിലെ ജബൽ അലി തുറമുഖത്തേക്ക് കയറ്റി അയച്ചതാണ് ഈത്തപ്പഴം. അവിടെ നിന്ന് ചരക്കുകളുടെ കണ്ടെയ്നറുകളും കപ്പലുകളും രേഖകളും മാറ്റി, ഇത് യു.എ.ഇയിൽ നിന്നുള്ള ഉത്പന്നമാണെന്ന് വ്യാജമായി കാണിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ദേശീയ സുരക്ഷ മുൻനിർത്തി 2025 മെയ് 2 മുതൽ പാക്കിസ്താനിൽ നിന്നുള്ള എല്ലാത്തരം സാധനങ്ങളുടെയും നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഇറക്കുമതിയും ട്രാൻസിറ്റും കേന്ദ്ര സർക്കാർ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം മറികടക്കാനാണ് യു.എ.ഇ വഴി സാധനങ്ങൾ എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







