ബഗ്ദാദ് – സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന്, ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ ഇറാഖ് ശനിയാഴ്ച അടച്ചു. ഇറാഖിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സൗദി അറേബ്യയും ഇറാഖും വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാനുമായി അതിർത്തി പങ്കിടുന്ന മൈസാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി സ്ഥാനത്തുനിന്ന് നീക്കി. മൈസാനിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഇറാൻ പിന്തുണയുള്ള ശക്തമായ ഇറാഖി സായുധ സംഘങ്ങളുടെ സഖ്യം തങ്ങൾ പൈപ്പ്‌ലൈൻ ആക്രമിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചു. എന്നാൽ തങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഈ സംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നതായി സൗദി അറേബ്യ നേരത്തെ ആരോപിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വിരുദ്ധ പോരാട്ട സഹകരണത്തിന് സൗദിയും ഇറാഖും ധാരണാപത്രം ഒപ്പുവച്ചു
ഇറാനുമായുള്ള മൂന്ന് അതിർത്തി പാതകൾ അടക്കാൻ അധികൃതർ ഉത്തരവിട്ടതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനും സർക്കാർ പ്രതിനിധിയും എ.എഫ്.പിയോട് പറഞ്ഞു. ബസ്റ പ്രവിശ്യയിലെ ഷലാംഷെ, മൈസാനിലെ അൽഷിബ്, മധ്യ പ്രവിശ്യയായ ദിയാലയിലെ അൽമന്ദലി എന്നിവയാണ് അടച്ച അതിർത്തി ക്രോസിംഗുകൾ. ഇറാൻ-ഇറാഖ് അതിർത്തിയിലെ മറ്റു ക്രോസിംഗുകൾ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു.







