ന്യൂഡൽഹി- 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ. ഡൽഹിയിൽ ഉടനീളമായി മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ പതിനയ്യായിരത്തോളം പേർ ഷി ജിൻപിംഗ് സഞ്ചരിക്കുന്ന വഴികളിലും താമസസ്ഥലത്തുമായി പ്രത്യേക സുരക്ഷാ ചുമതല വഹിക്കും.
ഷി ജിൻപിങ് താമസിക്കുന്ന ഹോട്ടലും അദ്ദേഹം സഞ്ചരിക്കുന്ന മേഖലകളും പൂർണ്ണമായും ‘നോ-ഫ്ലൈ സോൺ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ വിമാനങ്ങൾക്കോ ഡ്രോണുകൾക്കോ പറക്കാനാകില്ല
ഭീകരവിരുദ്ധ സേനയും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡുകളും ഹോട്ടൽ പരിസരങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. ആണവ, റേഡിയേഷൻ, ബയോ-കെമിക്കൽ ഭീഷണികൾ മുൻകൂട്ടി കണ്ടെത്താനുള്ള അത്യാധുനിക പരിശോധനകളും ഇതിനകം നടത്തിയിട്ടുണ്ട്.
10 ദിവസം മുൻപ് തന്നെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേക കാർഗോ വിമാനം വഴി പ്രസിഡന്റിന്റെ ഔദ്യോഗിക ബുള്ളറ്റ് പ്രൂഫ് വാഹനമായ ഹോങ്ചി ലിമോസിൻ കാറും ബാക്ക്-അപ്പ് വാഹനങ്ങളും ഡൽഹിയിൽ എത്തിച്ചതായാണ് വിവരം.
ചൈനീസ് സംഘത്തിന് സ്വന്തം കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ വിവരസാങ്കേതിക മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും സാറ്റലൈറ്റ് ആശയവിനിമയ ഉപകരണങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ട്.
2020ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം, ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഷി ജിൻപിങിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.







