അൽ ഖോബാർ/തൃശൂർ: ശനിയാഴ്ച അർധരാത്രി തൃശൂർ കുന്നംകുളത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച യുവാവ് സൗദി അറേബ്യയിലെ പ്രവാസി. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മൂന്ന് വയസ്സുകാരനായ മകൻ യമിൽ ഐബക്ക് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ അഖ്റബിയയിലുള്ള ഒരു ഗ്രോസറിയിൽ ജീവനക്കാരനായിരുന്നു മുനീർ. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അദ്ദേഹം അവധിക്ക് നാട്ടിലേക്ക് പോയത്. അവധി ആഘോഷിച്ച് മടങ്ങാനിരിക്കെ പ്രവാസി മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് മുനീറിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വേർപാട്.
അപകടം ഫോൺ വിളിക്കാൻ ബൈക്ക് റോഡരികിൽ നിർത്തിയപ്പോൾ
ഗുരുവായൂർ – കുന്നംകുളം പാതയിൽ ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കുന്നംകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രയ്ക്കിടയിൽ ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ അതിവേഗത്തിൽ വന്ന കാർ ഇവരിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മൂവരും 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി വൈദ്യുതി ലൈൻ പൊട്ടിവീണത് രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ തടസ്സമായി. ഗുരുതരമായി പരുക്കേറ്റ മൂവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
കയ്പമംഗലത്ത് എട്ട് വിദ്യാർത്ഥികൾ മരിച്ച ദുരന്തത്തിന്റെ ആഘാതം മാറും മുൻപേയുണ്ടായ ഈ അപകട വാർത്ത അൽ ഖോബാറിലെ പ്രവാസി സുഹൃത്തുക്കൾക്കും വൻ ആഘാതമായി.







