മസ്‌കത്ത്: അതിർത്തി കടന്നുള്ള വൻ റെയിൽവേ ശൃംഖലയുടെ നിർമ്മാണം പുരോഗമിക്കവേ, ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന 250 കോടി ഡോളറിന്റെ ‘ഹഫീത് റെയിൽ’ പദ്ധതി കരാറിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. സുൽത്താൻ പുറപ്പെടുവിച്ച റോയൽ ഡിക്രി (നമ്പർ 75/2026) പ്രകാരമാണ് കരാർ ഔദ്യോഗികമായി അംഗീകരിച്ചത്. സെപ്റ്റംബർ 3 മുതൽ ഈ രാജകീയ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിൽ പദ്ധതിയിലൂടെ, ഒമാനിലെ പ്രധാന വ്യാവസായിക-സമുദ്ര കേന്ദ്രമായ സൊഹാറിനെ യു.എ.ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. അൽ ബുറൈമി, അൽ ഐൻ എന്നിവയിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 238 കിലോമീറ്റർ ദൈർഘ്യമുണ്ട്.
യാത്രാസമയത്തിലും ചരക്കുനീക്കത്തിലും വലിയ മാറ്റം
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 350 മുതൽ 400 വരെ സീറ്റുകളുള്ള ഈ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ സൊഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാസമയം 100 മിനിറ്റായും, സൊഹാറിനും അൽ ഐനും ഇടയിലുള്ള യാത്രാസമയം 47 മിനിറ്റായും കുറയും.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള ചരക്ക് ട്രെയിനുകൾക്ക് 15,000 ടണ്ണിലധികം ചരക്കോ 270 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളോ ഒരേസമയം വഹിക്കാൻ സാധിക്കും. ഖനനം, സ്റ്റീൽ, പെട്രോകെമിക്കൽസ്, കൃഷി, ഇ-കോമേഴ്‌സ് തുടങ്ങി വിവിധ മേഖലകൾക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യും.
നിർമ്മാണം ദ്രുതഗതിയിൽ
പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് 150 കോടി ഡോളർ ധനസഹായം ലഭ്യമായ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഇതിനോടകം 40 ശതമാനം പൂർത്തിയായിട്ടുണ്ട്. പർവതപ്രദേശങ്ങളും താഴ്‌വരകളും കടന്നുപോകുന്ന പാതയിൽ 2.5 കിലോമീറ്റർ തുരങ്കങ്ങളും ഡസൻ കണക്കിന് പാലങ്ങളും ഉൾപ്പെടുന്നു.
രണ്ട് ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയിൽവേ ശൃംഖലയും, ജി.സി.സി മേഖലയിലെ ഗതാഗത-ലോജിസ്റ്റിക്‌സ് വികസനത്തിലെ നിർണായകമായ ആദ്യ ഘട്ടവുമാണ് ഹഫീത് റെയിൽ പദ്ധതി.







