മുംബൈ- മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഒരു കുടുംബം തങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ച സന്തോഷം അതിഗംഭീരമായി ആഘോഷിച്ചു. അഞ്ച് തലമുറകളായി ഒരു മകൾക്കായി കാത്തിരിക്കുകയായിരുന്നു ഇവർ.
ബർളിയിലെ ദഹിഫലെ കുടുംബമാണ് നവജാതശിശുവായ ഗാർഗിയെയും അമ്മയെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് സ്വീകരിക്കാൻ പ്രത്യേക ഘോഷയാത്ര സംഘടിപ്പിച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച രഥത്തിലാണ് അമ്മയെയും കുഞ്ഞിനെയും മേളതാളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുടുംബം വീട്ടിലേക്ക് ആനയിച്ചത്.
കുഞ്ഞിനെ ഒരു രാജകുമാരിയെപ്പോലെ കരുതുന്ന കുടുംബത്തിന്റെ ഈ അപൂർവ്വ ആഘോഷം പ്രദേശവാസികളും നെഞ്ചിലേറ്റി. ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട നിമിഷത്തെ അവിസ്മരണീയമാക്കാനാണ് ഇത്തരമൊരു സ്വീകരണം ഒരുക്കിയതെന്ന് കുടുംബം വ്യക്തമാക്കി.
ദഹിഫലെ കുടുംബത്തിലെ സൗഭാഗ്യവതി കല്പന ഋഷികേശ് ദഹിഫലെയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുടുംബം പറയുന്നതനുസരിച്ച്, കഴിഞ്ഞ 200 വർഷത്തോളമായി ഈ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പോലും ജനിച്ചിരുന്നില്ല.
മഹാരാഷ്ട്രയിലെ ലാതൂർ ജില്ലയിലുള്ള അഹമ്മദ്പൂർ താലൂക്കിലെ കോൾവാഡി ഗ്രാമക്കാരനായ ഗാർഗിയുടെ മുത്തശ്ശൻ ലിംബാജി ദഹിഫലെ, ചെറുമകളുടെ ജനനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വികാരാധീനനായി. കുടുംബത്തിൽ ഒരു മകൾ ജനിക്കുന്നത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. “കുടുംബത്തിൽ ഒരു പെൺകുട്ടി ഉണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്. ഇത്രയും വർഷങ്ങളായി ഒരു മകളില്ലെന്ന സങ്കടം ഞങ്ങൾക്കുണ്ടായിരുന്നു, ഇന്ന് ആ ആഗ്രഹം സഫലമായിരിക്കുന്നു,” അദ്ദേഹം ഇന്ത്യ ടുഡെയോട് പറഞ്ഞു.
വീട്ടിലേക്ക് ലക്ഷ്മി വന്ന സന്തോഷത്തിലാണ് തങ്ങളെന്ന് ഗാർഗിയുടെ മുത്തശ്ശി സുരേഖ ദഹിഫലെ പറഞ്ഞു. പെൺകുഞ്ഞിന്റെ ജനനം കുടുംബത്തിന് നൽകിയത് വേറിട്ടൊരു സന്തോഷമാണെന്ന് ഗാർഗിയുടെ പിതാവും വ്യക്തമാക്കി: “ആളുകൾ സാധാരണയായി ഒരു മകനെയാണ് ആഗ്രഹിക്കാറുള്ളത്, എന്നാൽ ഒരു മകളുണ്ടാകുന്നതിന്റെ വികാരവും സന്തോഷവും വേറെതന്നെയാണ്. പെൺകുട്ടികൾക്ക് അച്ഛൻമാരോടാണ് കൂടുതൽ സ്നേഹം. ഞങ്ങൾ ഞങ്ങളുടെ മകളെ ഒരു പൂവുപോലെ വളർത്തും.”
പെൺകുട്ടിയുടെ ജനനം സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നുമുള്ള നല്ലൊരു സന്ദേശം സമൂഹത്തിന് നൽകാനാണ് തങ്ങൾ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നും കുടുംബം കൂട്ടിച്ചേർത്തു.







