വാഷിംഗ്ടൺ: മറ്റ് രാജ്യങ്ങൾക്ക് വിൽക്കുന്നതിനേക്കാൾ കൂടുതൽ ആയുധങ്ങൾ അമേരിക്ക സ്വന്തമായി സംഭരിച്ചു വെക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിൽ നിലവിൽ അഭൂതപൂർവമായ അളവിലാണ് ആയുധ ഉൽപ്പാദനം നടക്കുന്നത്. ഇറാനുമായുള്ള യുദ്ധത്തിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ ഉപയോഗിക്കാവുന്നതിനേക്കാൾ വലിയ ആയുധശേഖരം രാജ്യത്തിനുണ്ട്. എന്നാൽ, ഇറാനെതിരായ യു.എസ് സൈനിക നടപടികളെക്കുറിച്ച് ചിലർ നൽകുന്ന റിപ്പോർട്ടുകൾ യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും ട്രംപ് വിമർശിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയ്ക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ആയുധങ്ങൾ സൗജന്യമായി ഉക്രെയ്ന് നൽകിയെന്നും ഇതിനുള്ള പണം യൂറോപ്പ് തിരികെ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൻതോതിലുള്ള ആയുധ ഉൽപ്പാദനവും സംഭരണവും കാരണം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ അമേരിക്ക സജ്ജമാണെന്നും, സഖ്യകക്ഷികൾക്കുള്ള ആയുധ വിൽപ്പന ഉടൻ പുനരാരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.







