തെൽഅവീവ്: ഗാസ മുനമ്പിലെ ഫലസ്തീനികളെ വിദേശത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഇസ്രായിലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രായിൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസാരിക്കവെയാണ് അദ്ദേഹം വിവാദ പദ്ധതി വിശദീകരിച്ചത്. ആദ്യ വർഷം 2,50,000 പേരെയും തുടർന്ന് ആറ് വർഷത്തിനുള്ളിൽ ബാക്കിയുള്ള 20 ലക്ഷത്തോളം നിവാസികളെയും ഗാസയിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ബെൻ ഗ്വിർ പറഞ്ഞു.
ചില രാജ്യങ്ങൾ ഗാസക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് അവകാശപ്പെട്ടെങ്കിലും രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഗാസക്കാരുടെ ‘സ്വമേധയാ ഉള്ള കുടിയേറ്റത്തെ’ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പദ്ധതി ആളുകളെ നിർബന്ധിച്ച് കുടിയിറക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
അടുത്ത സർക്കാരുണ്ടാക്കുമ്പോൾ കുടിയേറ്റത്തിന്റെ ചുമതലയുള്ള പ്രത്യേക മന്ത്രാലയം ആവശ്യപ്പെടുമെന്ന് ബെൻ ഗ്വിറിന്റെ ‘ജൂത പവർ’ പാർട്ടി വ്യക്തമാക്കി. ‘ഗാസ മുനമ്പിൽ നിന്നുള്ള സ്വമേധയാ ഉള്ള കുടിയേറ്റത്തിനായുള്ള ദേശീയ വർക്ക് പ്ലാൻ’ എന്ന പേരിലിറക്കിയ 20 പേജുള്ള രേഖയിലൂടെയാണ് ഒന്നര വർഷത്തെ പഠനത്തിനു ശേഷമുള്ള പദ്ധതി അദ്ദേഹം അവതരിപ്പിച്ചത്.
നേരത്തെ, അമേരിക്കയുടെ പിന്തുണ ലഭിച്ചാൽ ഇത്തരം പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സും, വെസ്റ്റ് ബാങ്കിലേക്കും ഇത് വ്യാപിപ്പിക്കണമെന്ന് ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചും നിർദ്ദേശിച്ചിരുന്നു.
അധിനിവിഷ്ട പ്രദേശങ്ങളിലെ സിവിലിയന്മാരെ നിർബന്ധിതമായി കുടിയിറക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം യുദ്ധക്കുറ്റമാണ്. അതിനാൽ തന്നെ ബെൻ ഗ്വിറിന്റെ പ്രകോപനപരമായ നിലപാടുകൾ അന്താരാഷ്ട്രതലത്തിൽ ശക്തമായി അപലപിക്കപ്പെടുന്നുണ്ട്. ഒക്ടോബർ 27-ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണസഖ്യം അധികാരത്തിൽ തുടരുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഈ പദ്ധതികളുടെ പ്രായോഗികത വ്യക്തമല്ല.







