തെഹ്‌റാൻ – ചൊവ്വാഴ്ച രാത്രി അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇറാൻ സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു. മൂന്ന് പൈലറ്റുമാരും അമേരിക്കൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായി അറിയിച്ച ഏജൻസി, അവരുടെ പേരുവിവരങ്ങളോ മരണ സാഹചര്യത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
മേഖലയിൽ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾക്കിടയിലും ഇറാനെതിരായ യു.എസ് ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ തുടരുന്നതിനിടെയുമാണ് മൂന്ന് പൈലറ്റുമാർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും മേഖലയിലെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം നടത്താൻ ഇറാൻ റെവല്യൂഷണറി ഗാർഡ് ശ്രമിച്ചതിനെ തുടർന്ന് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി യു.എസ് സൈന്യം ചൊവ്വാഴ്ച അറിയിച്ചു.







