ജിദ്ദ- മലപ്പുറം വെളിമുക്ക് സ്വദേശി ആലുങ്ങൽ അബ്ദുസ്സലാം ജിസാനിൽ നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ജിദ്ദക്ക് സമീപം ദഹ്ബാനിൽ വാഹനാപകടത്തിൽ മരിച്ചു. ദർബിനടുത്ത ഹുറൈളയിൽ ബഖാല ജീവനക്കാരനായിരുന്ന മൂന്നിയൂർ വെളിമുക്ക് അബ്ദുസലാം (41) ആണ് നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. പരേതനായ കോഴിപ്പറമ്പത്ത് വാക്കനാട്ടിൽ ഹൗസ് മുഹമ്മദ് ഹാജിയുടെ മകനാണ്. രാവിലെത്തെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കഫാല മാറ്റം പൂർത്തിയാക്കി അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം അൽ ഖഹ്മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരി ഭർത്താവ് ബശീർ ജിദ്ദയിൽ നിന്ന് ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
ജിദ്ദയിലെ ദഹബാനിൽ വെച്ചുണ്ടായ അപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ അബുഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇരുവരുടെയും നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ഖബറടക്കം വേഗത്തിലാക്കുന്നതിനുമായി കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. അബ്ദുസ്സലാമിന്റെ നടപടിക്രമങ്ങൾക്ക് ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗും, ബഷീറിന്റെ ആവശ്യങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗും സഹായങ്ങളുമായി ഒപ്പമുണ്ട്.







