മനാമ: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുകയും ഔദ്യോഗിക രേഖകള്‍ തട്ടിപ്പുനടത്തി ബഹ്റൈനി പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്ത സംഭവത്തില്‍ ഇറാന്‍ പൗരന് പത്തു വര്‍ഷം തടവുശിക്ഷ. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ബഹ്റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
1979-ല്‍ ഏഷ്യന്‍ പാസ്‌പോര്‍ട്ടില്‍ ജോലി ആവശ്യത്തിനായി ബഹ്റൈനിലെത്തിയ പ്രതി, 1983-ല്‍ പേരും ജനനത്തീയതിയും അമ്മയുടെ വിവരങ്ങളും തിരുത്തി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ബഹ്റൈൻ പൗരന്മാർക്ക് ലഭ്യമാകുന്ന വര്‍ക്ക് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വ്യാജ രേഖ ഉപയോഗിച്ച് കൈക്കലാക്കി. രണ്ടു വ്യത്യസ്ത പേരുകളിൽ വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ (CPR) സ്വന്തമാക്കിയ ഇയാൾ പതിറ്റാണ്ടുകളോളം ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (GOSI) കണക്കുകള്‍ പ്രകാരം 1983 മുതല്‍ ബഹ്റൈനി പൗരനായി രജിസ്റ്റര്‍ ചെയ്ത ഇയാള്‍ 31 വര്‍ഷത്തെ പെന്‍ഷൻ, സർവീസ് ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്. പ്രതി വ്യത്യസ്ത പേരുകളിലും വ്യക്തിഗത വിവരങ്ങളിലുമായി രണ്ടു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി പാസ്‌പോര്‍ട്ട് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റിന് രഹസ്യവിവരം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് അറസ്റ്റിലായ പ്രതി, ബഹ്റൈനി പൗരന്മാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് ഉപയോഗിച്ചതായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ സമ്മതിച്ചു.







