റിയാദ്: 2030-ല്‍ റിയാദില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ ഔദ്യോഗിക പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ച് പാരീസിലായിരുന്നു കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ്. എക്‌സ്‌പോ 2030 റിയാദ് സി.ഇ.ഒ ത്വലാല്‍ അല്‍മരിയും ഫ്രഞ്ച് എക്‌സിബിഷന്‍ കമ്പനിയായ ‘കോഫ്രെക്‌സ്’ ബോര്‍ഡ് ചെയര്‍മാന്‍ ജാക്വസ് മെയറും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് (BIE) സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്റ്‌സെസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കരാറിലൂടെ ഫ്രഞ്ച് പവലിയന്‍, പരിപാടികള്‍ തുടങ്ങിയവ സംബന്ധിച്ച ഔദ്യോഗിക തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ‘അണ്ടര്‍ വണ്‍ സ്‌കൈ’ എന്ന പ്രമേയത്തില്‍ ‘പ്ലാനറ്റ് ഡിസ്ട്രിക്റ്റിലാണ്’ ഫ്രഞ്ച് പവലിയന്‍ ഒരുങ്ങുന്നത്. ആകാശം, ഭൂമി, തീ, ജലം എന്നീ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പവലിയന്റെ രൂപകല്‍പ്പനയെന്ന് ജാക്വസ് മെയര്‍ പറഞ്ഞു.
ലോകത്തിന് മുന്നില്‍ വേറിട്ട പാരമ്പര്യം അവശേഷിപ്പിക്കുന്ന ഒരു പതിപ്പായിരിക്കും റിയാദിലേതെന്ന് സി.ഇ.ഒ ത്വലാല്‍ അല്‍മരി വ്യക്തമാക്കി. ‘ഭാവിയിലേക്കുള്ള ദര്‍ശനം’ എന്ന പ്രമേയത്തില്‍ 2030 ഒക്ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ നടക്കുന്നത്. 200-ലധികം ഔദ്യോഗിക പങ്കാളികളും 4.2 കോടിയോളം സന്ദര്‍ശകരും എക്‌സ്‌പോയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.







