ഭോപാൽ: ഒരു സാധാരണ സ്വിഫ്റ്റ് കാറിനെ ഗ്വാളിയോറിലെ സോഷ്യൽ മീഡിയ തരംഗമാക്കി മാറ്റാൻ വേണ്ടിവന്നത് 3,400 ഉമ്മകളും, മൂന്നര മണിക്കൂർ സമയവും, 800-900 രൂപയുടെ ലിപ്സ്റ്റിക്കും! കാറുടമ ആഗ്രഹിച്ചതുപോലെ തന്നെ സംഭവം വൈറലായി—ഒരുപക്ഷേ അല്പം കൂടിപ്പോയി എന്ന് പറയുന്നതാകും ശരി.
“കിസ്സിംഗ് കാർ” എന്ന പേരിൽ പങ്കുവെച്ച റീൽസ് 55 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. എന്നാൽ, വിഡിയോ കണ്ടവരുടെ കൂട്ടത്തിൽ ഗ്വാളിയോർ ട്രാഫിക് പോലീസും ഉണ്ടായിരുന്നു. ഒടുവിൽ ആ വൈറൽ പരീക്ഷണം അവസാനിച്ചത് അടുത്ത റീലിലല്ല; പോലീസ് സ്റ്റേഷൻ മുറ്റത്ത് സ്വന്തം കൈകൊണ്ട് ലിപ്സ്റ്റിക് പാടുകൾ കഴുകിക്കളയുന്നതിലും 5,500 രൂപയുടെ ഫൈനിലുമാണ്.
സംഭവം ഇങ്ങനെ:
ലിപ്സ്റ്റിക് അടയാളങ്ങൾ കൊണ്ട് മൂടിയ സ്വിഫ്റ്റ് കാർ നഗരത്തിലൂടെ അമിത വേഗതയിൽ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിഡിയോ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പട്ടേൽ നഗർ-സിറ്റി സെന്റർ പ്രദേശത്തുകൂടിയാണ് വാഹനം കടന്നുപോയതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഥാറ്റിപൂരിൽ വെച്ച് ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഉടമയായ ആദിത്യ സികർവാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തന്റെ വനിതാ സുഹൃത്താണ് ഈ വേറിട്ട ആശയത്തിന് പിന്നിലെന്ന് ആദിത്യ പറഞ്ഞു. മൂന്നര മണിക്കൂർ കൊണ്ട് അവൾ കാറിലുടനീളം 3,400 ഓളം ഉമ്മ അടയാളങ്ങൾ പതിപ്പിച്ചുവെന്നും സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് ഞങ്ങൾ ഇത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും ആദിത്യ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ആദിത്യ, റീച്ചും ഫോളോവേഴ്സും കൂട്ടാനാണ് ഇത് ചെയ്തത്. എന്നാൽ, അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് കരുതിയില്ലെന്ന് ഇയാൾ സമ്മതിച്ചു.
മോട്ടോർ വാഹന നിയമപ്രകാരം 5,500 രൂപ പിഴ ചുമത്തിയ പോലീസ്, കാറിലെ പാടുകൾ മുഴുവൻ ആദിത്യയെക്കൊണ്ട് തന്നെ കഴുകി വൃത്തിയാക്കിച്ചു. സംഭവം വലിയ വാർത്തയായതോടെ ആദിത്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഭാവിയിൽ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കാമെന്ന് പോലീസിന് ഉറപ്പുനൽകുകയും ചെയ്തു.







