ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് (7)മരിച്ചത്. മൂന്നാം നിലയിൽ നിന്നാണ് കുട്ടി വീണത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ ഷാർജ അൽ നബ്ബയിലാണ് അപകടം.
കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കഴിഞ്ഞദിവസമാണ്കുടുംബം വേലനവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നത്. എങ്കിലും പിതാവ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.







