കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ-ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. ഫഹാഹീൽ വ്യവസായ മേഖലയിലും ജഹ്റ ഗവർണറേറ്റിലും നടത്തിയ പരിശോധനകളിൽ 74 നിയമലംഘകർ അറസ്റ്റിലാവുകയും അഞ്ച് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായി ഫഹാഹീലിലെ വ്യാവസായിക മേഖലയിലും വാണിജ്യ വിപണികളിലും നടത്തിയ കാമ്പെയ്‌നിലാണ് 68 ഇഖാമ-തൊഴിൽ നിയമലംഘകരും, സുരക്ഷാ വകുപ്പുകൾ തിരഞ്ഞുവന്ന ആറ് പ്രതികളും പിടിയിലായത്.
അറസ്റ്റിലായവരിൽ ആർട്ടിക്കിൾ 18 വിഭാഗത്തിൽപ്പെട്ട 36 പേരും, ആർട്ടിക്കിൾ 20 വിഭാഗത്തിലെ 30 പേരും, ആർട്ടിക്കിൾ 20 പ്രകാരം ഒളിച്ചോടിയതായി പരാതിയുള്ള ആറുപേരും ഉൾപ്പെടുന്നു. കൂടാതെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 22 നിയമലംഘനം നടത്തിയ ഓരോരുത്തരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ എല്ലാവർക്കുമെതിരെ തുടർനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അതേസമയം, ജഹ്റ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ നടത്തിയ പരിശോധനയിൽ 40 നിയമലംഘനങ്ങൾ കണ്ടെത്തുകയും അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിൽപനയ്ക്ക് വെച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.







