റിയാദ്: റിയാദില്‍ ദുരിതത്തിലായ 24 നഴ്‌സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍. മലയാളികളടക്കം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 നഴ്‌സുമാരാണ് നാട്ടിലെ റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീണ് റിയാദിലെത്തി ദുരിതത്തിലായത്. രണ്ടര ലക്ഷത്തോളം രൂപ വീതം വിസാ ഫീസായി ഈടാക്കിയാണ് ഏജന്റുമാര്‍ ഇവരെ റിയാദിലെ മാന്‍പവര്‍ കമ്പനിയിലേക്ക് അയച്ചത്. എന്നാല്‍ റിയാദില്‍ എത്തിയതോടെ ചിത്രമാകെ മാറി.
വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ആറു മാസമായി ഇവര്‍ക്ക് ഒരു രൂപ പോലും ശമ്പളമായി നല്‍കിയിരുന്നുമില്ല. നിത്യ ചെലവിന്ന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍
മാന്‍പവര്‍ കമ്പനിയുടെ ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതെ കഴിയേണ്ടി വന്ന ഇവര്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലായിരുന്നു. കൂട്ടത്തിലൊരാള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നത്തില്‍ ചികിത്സ കിട്ടാതെ പ്രതിസന്ധി നേരിട്ടപ്പോഴാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ മുന്‍ ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവയുമായി ഇവര്‍ ബന്ധപ്പെട്ടതും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റന്‍ പോലും പരിമിതികളുണ്ടായിരുന്ന ക്യാമ്പിലെ ദുരവസ്ഥ പുറത്തറിയുന്നതും. തുടര്‍ന്ന് മാന്‍പവര്‍ കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരുതരത്തിലുള്ള അനുകൂല നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പിന്നീട് എംബസി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് കമ്പനി ഫൈനല്‍ എക്‌സിറ്റ് നല്‍കി. എന്നാല്‍ പ്രവാസത്തില്‍ നല്ലൊരു ഭാവിയും സ്വപ്‌നം കണ്ട് റിയാദിലെത്തിയ ഇവര്‍ക്ക് തിരിച്ച് പോക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഡബ്ല്യു.എം.എഫ് ഭാരവാഹികള്‍ നടത്തിയ തീവ്രശ്രമത്തിനൊടുവില്‍ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എല്ലാവര്‍ക്കും പുതിയ ജോലി കണ്ടെത്താന്‍ സാധിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി 24 പേരുടെയും സ്‌പോണ്‍സര്‍ഷിപ്പ് പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെ മാസങ്ങള്‍ നീണ്ട ദുരിതത്തിനാണ് വിരാമമായത്. പുതിയ ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാര്‍ തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംഘടനയോടും റിയാദിലെ സാമൂഹിക പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടും അറിയിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ അംഗങ്ങളായ നിഅ്മത്തുല്ല, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയോ, എന്നിവവരും ഇവരെ സഹായിക്കാനുണ്ടായിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പുകള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഉന്നത ജോലി സ്വപ്‌നം കണ്ട് പ്രവാസത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ അംഗീകൃത ഏജന്‍സികള്‍ വഴി കമ്പനികള്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത് മാത്രം തെരഞ്ഞെടുക്കുക. വ്യാജ വാഗ്ദാനങ്ങളില്‍ വീണ് മാന്‍പവര്‍ കമ്പനികളിലേക്ക് സപ്ലൈ വിസയില്‍ പോകുമ്പോള്‍ ഓഫര്‍ ലെറ്ററിലെ വ്യവസ്ഥകള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കി തീരുമാനം എടുക്കുക. വിസ ലഭിക്കാന്‍ ഭീമമായ തുക ഏജന്റുമാര്‍ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കുകയും കരാറുകള്‍ സൂക്ഷ്മമായി പരിശോധിച്ച് വാഗ്ദാനം ചെയ്യുന്ന ശമ്പളം, താമസ സൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ കൃത്യമായി എഴുതി തയ്യാറാക്കിയ കരാറിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഇത്തരം കേസുകളുമായി നിരന്തരം ഇടപെടുന്ന റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് ആലുവയും നിഅ്മത്തുല്ലയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







