തെഹ്‌റാൻ: ദേശീയ സുരക്ഷാ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞരെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം കസ്റ്റഡിയിലെടുത്തു. രാജ്യത്ത് വിദേശ നുഴഞ്ഞുകയറ്റവും ഇടപെടലുകളും നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജുഡീഷ്യൽ ഉത്തരവോടെയായിരുന്നു നടപടി.
അറസ്റ്റിലായവരുടെ പദവി സ്ഥിരീകരിച്ച ശേഷം ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ വിവരമറിയിക്കുകയും, നയതന്ത്ര പോലീസിന്റെ അകമ്പടിയോടെ ഇരുവരെയും ഇറാനിലെ ഫ്രഞ്ച് അംബാസഡർക്ക് കൈമാറുകയും ചെയ്തതായി ഇർന (IRNA) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിലായവരെ ചോദ്യം ചെയ്യുകയും മീറ്റിംഗ് പോയിന്റിൽ നിന്ന് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ, കൃത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഫ്രഞ്ച് അധികൃതർ മാധ്യമ പ്രചാരണം ആരംഭിച്ചതായി ഇറാൻ ആരോപിച്ചു. വിദേശ ഏജൻസികൾക്കായി രാജ്യത്തിനകത്തും പുറത്തും രഹസ്യ ശൃംഖലകൾ കെട്ടിപ്പടുക്കാൻ ശ്രമിച്ചതായി പിടിച്ചെടുത്ത രേഖകളിൽ വ്യക്തമാണ്. ഇതിനായി തയ്യാറാക്കിയ ചില കരാറുകളിൽ മുൻ ഫ്രഞ്ച് അംബാസഡറുടെ ഒപ്പുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.
യുദ്ധസാഹചര്യങ്ങളിൽ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടൽ അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഫ്രഞ്ച് സർക്കാർ ഇതിന് മറുപടി നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെ ഭാഗത്തുനിന്ന് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്റലിജൻസ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.







