വാഷിംഗ്ടൺ/തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും, നിലവിൽ അവരുമായി യാതൊരുവിധ ചർച്ചകൾക്കും തീരുമാനിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന സൂചനയാണ് പശ്ചിമേഷ്യയിൽനിന്ന് ലഭിക്കുന്നത്.
ഇറാനെതിരെ ഉരുക്കുമതിൽ തീർക്കും: ട്രംപ്
ഇറാൻ കനത്ത പരാജയമാണ് നേരിടുന്നതെന്നും, അവരുടെ നിലവിലെ നടപടികൾ തുടരാൻ അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് അമേരിക്ക ഒരിക്കലും അംഗീകരിക്കില്ല. ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് നേരിടാൻ അമേരിക്ക സജ്ജമാണ്. ഇറാനെതിരായ നാവിക ഉപരോധം ഒരു ഉരുക്കുമതിൽ പോലെ ശക്തമായി തുടരും- ട്രംപ് വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം
ഇറാനെതിരെ സാമ്പത്തിക ഒറ്റപ്പെടുത്തലിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത നടപടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബിസെന്റ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ദുർബലമായ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. സാമ്പത്തിക സമ്മർദ്ദവും നാവിക ഉപരോധവും ഒരേസമയം നടപ്പിലാക്കുന്നതിലൂടെ ഇറാൻ തുറമുഖങ്ങളിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കം പൂർണ്ണമായി തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാർ തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, ചർച്ചകൾ പുനരാരംഭിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഖത്തറും പാകിസ്ഥാനും മുഖേന സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഇത് അമേരിക്കയുമായുള്ള ഔദ്യോഗിക ചർച്ചകളുടെ തലത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പ്രതികരിച്ചു. അമേരിക്ക യുദ്ധ നഷ്ടപരിഹാരം നൽകണമെന്നും മേഖലയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണമെന്നുമുള്ള തങ്ങളുടെ നിബന്ധനകളിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
അമേരിക്കൻ ഭീഷണികൾക്ക് പുല്ലുവില
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി രംഗത്തെത്തി. അമേരിക്കയുടെ ഭീഷണികൾക്കോ ബലപ്രയോഗങ്ങൾക്കോ ഇറാൻ വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പൂർണ്ണ അധികാരത്തിന് കീഴിലല്ലാതെ ഈ തന്ത്രപ്രധാനമായ ജലപാത തുറക്കുകയോ അടയ്ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ‘എക്സി’ൽ (X) കുറിച്ചു. വെടിനിർത്തൽ നീട്ടാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള ചർച്ചകൾ നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.







