വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി. യു.എസിന്റെ പക്കലുള്ള അത്യാധുനിക എം.ക്യു-9 (MQ-9) റീപ്പർ ഡ്രോണുകളുടെ നാലിലൊന്നും ഇതിനകം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുറഞ്ഞത് 45 നിരീക്ഷണ-ആക്രമണ ഡ്രോണുകളെങ്കിലും തകർന്നതായാണ് കണക്കാക്കുന്നത്. ഇതുമൂലം അമേരിക്കയ്ക്ക് 130 കോടിയിലേറെ ഡോളറിന്റെ (ഏകദേശം 12,428 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക നഷ്ടം നേരിട്ടതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
എല്ലാ ഡ്രോണുകളും ഇറാൻ സേനയുടെ വെടിയേറ്റല്ല തകർന്നതെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓപ്പറേറ്റർമാരുമായുള്ള ആശയവിനിമയ ബന്ധം (communication link) തകരാറിലായതിനെ തുടർന്നും ചില ഡ്രോണുകൾ തകർന്നിട്ടുണ്ട്. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ച സമയത്ത് യു.എസിന്റെ പക്കൽ ഏകദേശം 185 റീപ്പറുകൾ ഉണ്ടായിരുന്നു. ഇതിൽ 165 എണ്ണം വ്യോമസേനയുടെയും 20 എണ്ണം നാവികസേനയുടെയും കീഴിലായിരുന്നു. അതേസമയം, ഏഷ്യ-പസഫിക് മേഖലയിൽ പ്രവർത്തിക്കുന്ന നാവികസേനാ കപ്പലുകളിലെ ഡ്രോണുകൾക്ക് യാതൊരു നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്താണ് എം.ക്യു-9 റീപ്പർ?
ജനറൽ ആറ്റോമിക്സ് രൂപകൽപ്പന ചെയ്ത, വിദൂരമായി നിയന്ത്രിക്കാൻ സാധിക്കുന്ന അത്യാധുനിക ആളില്ലാ ആകാശ വാഹനമാണ് (UAV) എം.ക്യു-9 റീപ്പർ. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനും കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും ഇവ ഉപയോഗിക്കുന്നു. 2007-ൽ യു.എസ് സായുധസേനയുടെ ഭാഗമായ ഈ ഡ്രോണുകൾ, മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ അമേരിക്ക വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഇൻസ്റ്റാൾ ചെയ്യുന്ന ഹാർഡ്‌വെയറുകളും ആയുധങ്ങളും അടിസ്ഥാനമാക്കി ഒരു റീപ്പർ ഡ്രോണിന് മൂന്ന് കോടി മുതൽ അഞ്ച് കോടി ഡോളർ വരെയാണ് നിർമ്മാണച്ചെലവ് വരുന്നത്. ഗ്രൗണ്ട് കൺട്രോൾ നെറ്റ്‌വർക്കുകൾ, സാറ്റലൈറ്റ് ലിങ്കുകൾ, യുദ്ധോപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതോടെ അന്താരാഷ്ട്ര കയറ്റുമതികൾക്ക് ഇതിലും കൂടുതൽ ചെലവ് വരും.
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പ്രവർത്തിക്കുന്നതിനിടെ ഏതാനും റീപ്പറുകളെ ഇറാൻ വെടിവെച്ചിട്ടതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡ്രോണുകൾക്കെതിരായ ഇറാൻ ആക്രമണങ്ങളുടെ കൃത്യത യു.എസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചതായാണ് വിവരം.







