ദുബായ് > ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യുഎഇയില്‍ 2500ലേറെ മെഴ്‌സിഡീസ് ബെന്‍സ് എസ് യുവികള്‍ തിരിച്ചുവിളിക്കുന്നു. ഇവയുടെ ട്രാന്‍സ്മിഷന്‍ ഡൗണ്‍ഷിഫ്റ്റ് സംവിധാനം പുനപ്പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുമെന്ന് യുഇയിലെ പ്രമുഖ ബെന്‍സ് ഡീലര്‍മാരായ എമിറേറ്റ്‌സ് മോട്ടോര്‍ കമ്പനിയും ഗര്‍ഗാഷ് എന്റര്‍പ്രൈസസും അറിയിച്ചു.
എം256 എഞ്ചിനും എന്‍എജി3 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സഹിതം വരുന്ന 2019-2023 മോഡല്‍ ജിഎല്‍എസ്, ജിഎല്‍ഇ എസ് യുവികളിലാണ് ഈ പ്രശ്‌ന സാധ്യതയുള്ളത്. ഇവയില്‍ ചില വാഹനങ്ങളിലെ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂനിറ്റിലെ സോഫ്റ്റ് വെയറില്‍ പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് ബെന്‍സ് പറയുന്നത്. ഈ ഗണത്തില്‍ ആകെ 2521 എസ് യുവികളാണ് ഇറക്കുമതി ചെയ്ത് യുഎഇയില്‍ വിറ്റഴിച്ചിട്ടിള്ളത്. ഇവയെല്ലാം തിരിച്ചുവിളിച്ച് പുനപ്പരിശോധന നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കും. ഇതു സംബന്ധിച്ച വിവരം എല്ലാ വാഹന ഉടമകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ഗര്‍ഗാഷ് എന്റര്‍പ്രൈസസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങളറിയാന്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം: ഗര്‍ഗാഷ് എന്റര്‍പ്രൈസസ് 800 2369, എമിറേറ്റ്‌സ് മോട്ടോര്‍ കമ്പനി 800 362.