ബുറൈദ: പ്രമുഖ സാമൂഹിക പ്രവർത്തകനും ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി ചെയർമാനുമായ റാഫി പാങ്ങോടിനെ അഖിലൻ ബുറൈദ കമ്മിറ്റി ആദരിച്ചു. ‘ഇശൽ ബുറൈദ 2026’ പരിപാടിയോടനുബന്ധിച്ച് ബുറൈദ ഇവന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു ആദരവ്.
സൗദി അറേബ്യ അടക്കമുള്ള വിവിധ ജി.സി.സി രാജ്യങ്ങളിൽ പ്രവാസി മലയാളി സമൂഹം നേരിടുന്ന ദുരിതങ്ങളിലും നിയമപ്രശ്നങ്ങളിലും ഇടപെട്ട് നടത്തിയ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് ഉപഹാരം നൽകിയത്. പ്രവാസികൾക്ക് നിയമപരമായ മാർഗനിർദേശങ്ങൾ നൽകാനും അധികൃതരുടെ സഹകരണത്തോടെ നിരവധി പേർക്ക് മോചനം ഉറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സാമൂഹിക സേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിലുള്ള 2026-ലെ ‘രാഷ്ട്ര സേവന പുരസ്‌കാരം’ റാഫി പാങ്ങോടിന് ലഭിച്ചിരുന്നു. ചടങ്ങിൽ സോഷ്യൽ മീഡിയ കലാകാരൻ നിഷാദ് സുൽത്താനും കുടുംബവും ചേർന്നാണ് അദ്ദേഹത്തിന് ഉപഹാരം കൈമാറിയത്.






