തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർക്കോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
നാളെ 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് യെലോ അലർട്ടുള്ള ജില്ലകൾ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) സാധ്യത പ്രവചിക്കുന്നു.
മറ്റ് പ്രധാന സംഭവവികാസങ്ങൾ:
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരം ആറാം വളവിൽ രാത്രിയോടെ മണ്ണിടിഞ്ഞു വീണു. വാഹനങ്ങൾ ഒരൊറ്റ വരിയായി മന്ദഗതിയിലാണ് കടന്നുപോകുന്നത്.
തിരുവനന്തപുരത്ത് കനത്ത കാറ്റ്: കരമന തളി ഭാഗത്ത് വീശിയടിച്ച കനത്ത കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു.
കാസർകോട് വീട് തകർന്നു: ബന്തടുക്കയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ആളപായമില്ല.






