ബഗ്ദാദ് – ഇറാഖിലെ ഖാദിസിയ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ ദീവാനിയയിലെ പോലീസ് സ്റ്റേഷനില്‍ വനിതാ തടവുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരു ഓഫീസറെയും മൂന്ന് പോലീസുകാരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ശക്തമായ നിയമ, സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തിര നടപടി സ്വീകരിക്കാനും പ്രതികളെ ബന്ധപ്പെട്ട അന്വേഷണ, ജുഡീഷ്യല്‍ വകുപ്പുകള്‍ക്ക് കൈമാറാനും മന്ത്രാലയത്തിലെ സീനിയര്‍ അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍അവാദി നിര്‍ദ്ദേശിച്ചു. മനുഷ്യ അന്തസ്സിനെ ലംഘിക്കുന്നതോ നിയമത്തിനും സൈനിക ചട്ടങ്ങള്‍ക്കും വിരുദ്ധമായതോ ആയ ഒരു നിയമ ലംഘനവും മന്ത്രാലയം അനുവദിക്കില്ലെന്ന് ഹുസൈന്‍ അല്‍അവാദി പറഞ്ഞു. സംഭവം രാജ്യത്തെ പിടിച്ചുലച്ചു.
അല്‍നഹ്ദ പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി തടവുകാരി ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍, ഓഫീസറെയും മൂന്ന് പോലീസുകാരെയും അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ കസ്റ്റഡിയിലെടുക്കാന്‍ ദീവാനിയ കോടതി ജഡ്ജി ഉത്തരവിട്ടതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുക, കേസിന്റെ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുക, ജുഡീഷ്യല്‍ പ്രക്രിയക്ക് സമാന്തരമായി ഭരണപരവും അച്ചടക്കപരവുമായ നടപടികള്‍ സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ട് ദീവാനിയ പോലീസ് കമാന്‍ഡ് പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.






